മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശൻ, ബിടൗൺ സൂപ്പർതാരങ്ങളായ അക്ഷയ്കുമാർ, സൈഫ് അലിഖാൻ എന്നിവർ ഒന്നിക്കുന്ന ഹൈവാൻ - റിലീസിന് ഒരുങ്ങുന്നു. അക്ഷയ്കുമാറും സൈഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രം സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ഔദ്യോഗികമായി അറിയിച്ചത്.
60 ബ്ലോക്ക്ബസ്റ്ററുകൾ, ഒരൊറ്റ മാസ്റ്റർ സ്റ്റോറിടെല്ലർ - എന്ന ക്യാപ്ഷനോടെ പ്രിയദർശന്റെ കരിയറിനെ അടയാളപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. തേസ്പിയൻ ഫിലിംസും നിർമാണ പങ്കാളിയാണ്. സയാമി ഖേർ, ശ്രിയ പിൽഗോയങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച 2016-ലെ സൂപ്പർഹിറ്റ് മലയാള ചിത്രം ഒപ്പത്തിന്റെ പുനരാവിഷ്കാരമാണ് ഹൈവാൻ. എന്നാൽ ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ തിരക്കഥയിലും സംഭാഷണങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിതാരമായി എത്തുന്നുണ്ടെന്ന് പ്രിയദർശൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഒരു കൊച്ചുപെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച വൈകല്യമുള്ള സംഗീത അധ്യാപകനായാണ് സൈഫ് അലി ഖാൻ ചിത്രത്തിലെത്തുന്നത്. അക്ഷയ്കുമാറാണ് വില്ലൻ. ചിത്രത്തെക്കുറിച്ച് സൈഫ് അലി ഖാൻ:
ഹൈവാന്റെ ചിത്രീകരണം വളരെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമായിരുന്നു. പ്രിയദർശൻ ചിത്രത്തിന്റെ സെറ്റിൽ ഓരോ ദിവസവും പുതിയ എന്തെങ്കിലും ചെയ്യാനുണ്ടാകും. അക്ഷയ് കുമാർ ഭയപ്പെടുത്തുന്ന വില്ലനായും ഞാൻ കാഴ്ചയില്ലാത്ത മ്യൂസിക് ടീച്ചറായും എത്തുന്ന ചിത്രം ഒരു ഡേവിഡ്-ഗോലിയാത്ത് പോരാട്ടമാണ്.
ബി ടൗൺ സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംഷ നൽകുന്ന ഒന്നാണ് അക്ഷയ്-സൈഫ് കോന്പോ. 2008-ൽ പുറത്തിറങ്ങിയ തഷാൻ എന്ന ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.